Monday, 27 August 2012

പ്രണയ കഥയെപ്പറ്റി/ലൂയിസ് റെമാകിള്‍ (Louis Remacle)

വിവര്‍ത്തനം :സാബു ഷണ്മുഖം 

നനുത്ത മുലകളോട്
ദയ തോന്നിയപ്പോള്‍
മട്ടുപ്പാവില്‍
മേഘങ്ങള്‍ നിറഞ്ഞു.

മേഘങ്ങള്‍ക്കിടയില്‍
തനിച്ചു നിന്ന നിനക്ക്
ചിറകുകള്‍ മുളച്ചു.

മരണം പതിയിരിക്കുന്ന
മൃദുലമായ കഴുത്തില്‍
മെല്ലെ ഉമ്മ വെച്ചപ്പോള്‍
വാതിലില്‍ മുട്ട് കേട്ടു.
വാതില്‍ തുറന്നപ്പോള്‍
വസന്തം അപ്പാടെ
അകത്തേക്കു വന്നു.

ആരുമില്ലാത്ത തീവണ്ടിയില്‍
ആരോരുമില്ലാതെ
അങ്ങനെ പാഞ്ഞു പോകുന്നു,
ആളൊഴിഞ്ഞ സ്റ്റേഷനുകള്‍ പിന്നിട്ട്.

ഭൂമിയിലെ മുഴുവന്‍ പൂക്കളേയും
കൂട്ടികൊണ്ട് നീ വരുമെന്നും
ഏതെങ്കിലും സ്റ്റേഷനില്‍
കാത്തു നില്‍ക്കുമെന്നും
ഓടിക്കയറുമെന്നും
അരികില്‍ വന്നിരിക്കുമെന്നും.

നിന്നെ കണ്ടില്ല
നീവന്നില്ല.
പകരം ഇലപൊഴിയും കാലം വന്നു.
കലാപങ്ങള്‍ വന്നു.
കത്തിക്കരിഞ്ഞ തെരുവുകളും
പാതിവെന്ത മനുഷ്യരും
വന്നു കൊണ്ടേയിരുന്നു.

മഞ്ഞുമലകള്‍ക്കിടയില്‍
ആകാശം ചാഞ്ഞു കിടന്ന വഴിയില്‍
പുള്ളിക്കുത്തുള്ള കുടചൂടി
പാവക്കുട്ടിയെപ്പോലെ
നീ അകന്നു മറഞ്ഞു.

മഞ്ഞു കട്ടകള്‍ വാരിയെറിഞ്ഞ്
നീ പോയ വഴിത്താരയെ
ശരത്കാലം പെട്ടെന്നു മൂടിക്കളഞ്ഞു.

നിന്റെ വിരലുകള്‍
പതിഞ്ഞ പിയാനോ.
നീ പോയിട്ടും
അതു പാടിക്കൊണ്ടിരുന്നു. .

അഭയാര്‍ഥികള്‍ /ജുഡി എഫ്. ഹാം (Judy F. Ham)


തന്റെ മേപ്പിള്‍ മരങ്ങളില്‍
കൂടുകൂട്ടിയ കുരുവികളെ
പഴയ പലകക്കഷ്ണം വീശി
അച്ഛന്‍ ഓടിച്ചു കളഞ്ഞു,
കുഞ്ഞുങ്ങളുണ്ടാകുന്നതിനു മുമ്പേ തന്നെ.

'ഭയങ്കര ശല്യമാണ് ,നാശം'
അച്ഛന്‍ പിറുപിറുത്തു .
തുടര്‍ച്ചയായി മൂന്നു പ്രഭാതത്തില്‍
നേര്‍ത്ത ചില്ലയിലെ കൂട്
അച്ഛന്‍ ഇളക്കിക്കളഞ്ഞു.

പക്ഷികള്‍ പറന്നു പോയി.
അച്ഛന്‍ എന്നെ നോക്കി.

തിടുക്കത്തില്‍
ഞാനെന്റെ സ്കേറ്റസ് ,
സ്കൂളിലെ ജോഗ്രഫി മാപ്പ്
എന്നിവ പെറുക്കിപ്പൊതിഞ്ഞു.
ആ പക്ഷികളെപ്പോലെ ഞാനും യാത്രയായി,
ഫ്ളോറിഡയിലേക്ക് ,
ഞങ്ങളുടെ പഴയ പച്ച സെഡാന്‍ കാറില്‍ .

എന്റെ കുഞ്ഞുങ്ങളെ
ഒരിക്കലും ഞാന്‍
വീട്ടിലേക്ക് കൊണ്ടുവന്നില്ല.

ആയിരത്തി രണ്ട് രാവുകള്‍ /മാലതിമൈത്രി

വിവര്‍ത്തനം :ബാബു രാമചന്ദ്രന്‍ 

ഒന്നും കാണാനാവാത്ത
ഒരു രാത്രിയിരുട്ടില്‍ ,
കണ്ണുകള്‍ മൂടിക്കെട്ടി
അയാള്‍ അവള്‍ക്കു നേരെ
കത്തിയേറു തുടങ്ങി…

“ഒരായിരം ജാരന്മാരെ
ഒളിപ്പിച്ചു വെച്ചിരിക്കുന്നൊരു
തേവിടിശ്ശിയാണിവള്‍ …”
അയാള്‍ മുറുമുറുത്തു..
“എവിടെയാണെടീ
നീയവന്മാരെ
ഒളിപ്പിച്ചു വെച്ചിരിക്കുന്നത്…?
തലയിണയുറയ്ക്കുള്ളിലോ?
കിടക്കവിരിക്കടിയിലോ?
ചുരുട്ടിവെച്ച പായ്ക്കുള്ളിലോ?
അലമാരക്കകത്തോ?
മച്ചിന്റെ മുകളിലോ?
അതോ മസാലപ്പെട്ടിക്കുള്ളിലോ..? “

എന്തായാലും, അയാളുടെ
മുന്‍കാമുകിമാരൊന്നും
അയാളെ ഇങ്ങനെ പറ്റിച്ചിട്ടില്ല..
അങ്ങോട്ടുമിങ്ങോട്ടുമുള്ള
കുറ്റം പറച്ചിലുകളാല്‍
രാത്രി, വടം പോലെ കനത്തു…

ഇപ്പോളയാളുടെ പേടി,
ഇനിയവള്‍ മണ്ണുകുഴച്ച്‌
തുമ്പിക്കൈ വലിപ്പത്തില്‍
ലിംഗമുള്ള ഒരു ജാരനെയുണ്ടാക്കി
നാട്ടാരെ മുഴുവന്‍
കാണിച്ചോണ്ട് നടക്കുമോ
എന്നതാണ്…
അങ്ങനെയോരോന്ന്
ഓര്‍ത്തോര്‍ത്ത്‌
അയാളുടെ തലയില്‍
ആയിരത്തിരണ്ടാം രാവിന്റെ ചന്ദ്രന്‍
പുകഞ്ഞു മിന്നിക്കൊണ്ടിരുന്നു…

വാതില്‍ /ഇസ്മയില്‍എന്നോട് പിണങ്ങി,

വാതില്‍ വലിച്ചു തുറന്നിട്ട്‌
നീ ഇറങ്ങിപ്പോയി.
നന്ദി..
നിന്നെക്കരുതി
ഞാനെന്നോ അടച്ചിട്ട
ഈ വാതില്‍ തുറന്ന്
ഇത്തിരി കാറ്റും വെളിച്ചവും
എന്റെ മുറിയിലേക്കെത്തിച്ചതിന്,
വളരെ നന്ദി..

സമാന്തരയാനം/മുകുന്ത രാമറാവു


ഒരുമിച്ചൊരിടത്തേക്ക്
പോവാനിറങ്ങിയാല്‍,
രണ്ടേ രണ്ടടി
നടന്നു കഴിയുമ്പോഴേക്കും,
അയാള്‍ മുന്നിലും,
അവള്‍ പിന്നിലുമായിട്ടുണ്ടാവും….

പിന്നെ, കുറച്ചു ദൂരം
നടന്ന ശേഷം
അയാള്‍ തിരിഞ്ഞു നോക്കി,
ഒരു നെടുവീര്‍പ്പുമിട്ട്
അവളടുത്തെത്താന്‍ കാക്കും,
കിതച്ചുപെരുക്കി അവള്‍
അടുത്തെത്തേണ്ട താമസം
അയാള്‍ വീണ്ടും വെച്ചുപിടിക്കും..

അതങ്ങനെ
എത്തേണ്ടിടത്തെത്തും
വരെ തുടരും.

പോവുന്നതെത്ര ദൂരവുമാവട്ടെ,
അവരുടെ യാത്രകള്‍ എന്നും
ഇങ്ങനെ വിട്ടുവിട്ടാണ്..

ഇന്നോളം, സ്വപ്നങ്ങളോ
കണ്ണുനീരോ ഒന്നും
പങ്കുവെച്ചിട്ടില്ലാത്ത അവരിനി,
ഈയൊരു നടത്തം
പങ്കുവച്ചിട്ടിപ്പോ എന്തിനാ
അല്ലേ…?